about poothotta...

എന്റെ ഫോട്ടോ
poothotta , ernakulam, keralam, India
ഞാന്‍ നവീന്‍ ........, അവകാശവാദങ്ങളൊന്നും ഇല്ല. എഴുതാന്‍ അറിഞ്ഞിട്ടോ വേണ്ടത്ര വിവരമുണ്ടായിട്ടോ ഒന്നുമല്ല ബ്ലോഗാന്‍ തുടങ്ങിയത്... സോ..,സ്റ്റാന്റേർഡ് പ്രതീക്ഷിക്കരുത്. വഴിതെറ്റി ഇവിടെയെത്തുന്നവരെ 'കൊന്നു കൊലവിളിക്കണം' എന്ന ഒറ്റ ഉദ്ദേശം മാത്രമേ ഇതിനു പിന്നിലുള്ളൂ...

2011 ഫെബ്രുവരി 17, വ്യാഴാഴ്‌ച

മുല്ലപ്പന്തല്‍ ഷാപ്പ്

കേരളത്തില്‍ സ്വന്തമായി വെബ്സൈറ്റ് ഉള്ള ആദ്യത്തെ കള്ളുഷാപ്പ് (മുല്ലപ്പന്തല്‍ ഷാപ്പ് )സ്ഥിതി ചെയ്യുന്നത് പൂത്തോട്ടയില്‍ നിന്നും 6 കിലോ മീറ്റര്‍ ദൂരത്തിലാണ്... മലയാളിയായി പിറന്നാല്‍ ഒരു തവണയെങ്കിലും മുല്ലപ്പന്തലില്‍ വരണം... ടേസ്റ്റ് ന്‍റെ കാര്യത്തില്‍ നോ കോമ്പ്രമൈസ് ...

പൂത്തോട്ടക്കായലിലൂടെ ഒരു യാത്ര...

പൂത്തോട്ടക്കായലിലൂടെ ഒരു യാത്ര...

മുറിഞ്ഞ പുഴ , പൂത്തോട്ടയില്‍ നിന്നും വെറും ഒന്നര കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്നു...

2011 ഫെബ്രുവരി 13, ഞായറാഴ്‌ച

ബോട്ട് ജെട്ടി പൂത്തോട്ട


പൂത്തോട്ട ബോട്ട് ജെട്ടിക്കും ഒരു പാട് കഥകള്‍ പറയാനുണ്ടാവും... പാലത്തിന്‍റെ കിഴക്ക് വശത്തായിരുന്നു ആദ്യത്തെ ജെട്ടി സ്ഥിതി ചെയ്തിരുന്നത്... പക്ഷെ വേലിയേറ്റ സമയത്ത് യാത്രാ ബോട്ടുകളുടെ മുകള്‍വശം പാലത്തില്‍ തട്ടി കേടുപാടുകള്‍ സംഭവിക്കുന്നത്‌ തുടര്‍കഥ ആയതില്‍ പിന്നെയാണ് അധികാരികള്‍ പാലത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് ഇന്നത്തെ ബോട്ട് ജെട്ടി പുനസ്ഥാപിച്ചത്...
ആലപ്പുഴ ജില്ലയിലെ ഏക ദ്വീപ്‌ പഞ്ചായത്തായ പെരുമ്പളം ദ്വീപില്‍ നിന്നും ദിവസേന നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന യാത്രക്കാര്‍ പൂത്തോട്ടയിലെത്തി എറണാകുളം, കോട്ടയം, വൈക്കം തുടങ്ങിയ സ്ഥലങ്ങളിലേക്ക് റോഡുമാര്‍ഗ്ഗം സഞ്ചരിക്കുന്നു...

2011 ഫെബ്രുവരി 5, ശനിയാഴ്‌ച

പൂത്തോട്ട ബസ്‌ സ്റ്റാന്റ്


ചുവന്ന പെയിന്റടിച്ച ഏറണാകുളം സിറ്റി ബസുകളുടെ ലക്ഷ്മണ രേഖയാണ് പൂത്തോട്ട .ഇതിനപ്പുറത്തെയ്ക്ക് പോകാന്‍ ചുവന്ന ബസുകള്‍ക്ക് അനുവാദമില്ല .. സിറ്റി ബസ്സുകളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് കോട്ടയം വൈക്കം മുതലായ സ്ഥലങ്ങളിലേക്ക് പോകാന്‍ ഇവിടെ നിന്നും സര്‍വ്വീസ് ആരംഭിക്കുന്ന ഓര്‍ഡിനറി ബസ്സുകളുടെ സേവനം ലഭ്യമാണ്... കേരളത്തില്‍ ആദ്യമായി KSRTC low floor ബസ്സുകള്‍ നിരത്തിലിരക്കിയത് പൂത്തോട്ടയില്‍ നിന്നാണ്... ഇപ്പോള്‍ ഇവിടെ നിന്നും എറണാകുളം ആലുവ ഞാറക്കല്‍ ഭാഗങ്ങളിലേക്ക് ദിവസേന 21 'ലോ ഫ്ലോര്‍' ബസ് സര്‍വീസുകള്‍ നിലവിലുണ്ട്... പുതിയതിന്റെ കാലം വരുമ്പോള്‍ പഴയതിനെ മറക്കരുതല്ലോ വൈക്കം പൂത്തോട്ട റൂട്ടില്‍ ഓടിക്കൊണ്ടിരുന്ന KRO 615 എന്ന നമ്പറില്‍ 'വിര്‍ജിന്‍ മേരി' എന്ന പേരില്‍ ഒരു വണ്ടി മുത്തശ്ശി ഇന്നും പഴമയെ സ്നേഹിക്കുന്ന പൂത്തോട്ടക്കാരുടെ മനസ്സുകളില്‍ ഉണ്ടാവും... പിന്നെയുമുണ്ട് ഒരുപാട് ക്രിസ്തുരാജ്, വേമ്പനാട്, അങ്ങനെ ഒരു പാട്...
അതില്‍ വേമ്പനാടിന്റെ പെര്‍മിറ്റിലാണ് ഇപ്പോള്‍ പൂതോട്ടയിലേക്കുള്ള ലാസ്റ്റ് ബസ്സ്‌ ആയ P.M.S ന്‍റെ ഓട്ടം..

കേരളത്തിലെ എല്ലായിടത്തെയും പോലെ സമയത്തിന്‍റെ പേരില്‍ ഡ്രൈവര്‍ മാര്‍ തമ്മിലുള്ള വാക്കുതര്‍ക്കവും ഗുണ്ടായിസവും ഇവിടെ സ്ഥിരം കച്ചേരിയാണ് .

ഒട്ടു മിക്ക വണ്ടിപ്പണിക്കാരും അറിയപ്പെടുന്നത് ഇരട്ടപ്പേരുകളിലാണ്... പൊടി,ഹൃദയം, ഗ്ലാമര്‍, പുളിക്കന്‍, ഓപീയാര്‍, വണ്ടു ,വര്‍ക്കി ,കൊല്ലന്‍,തിളപ്പ് എന്നിവ ഇവിടുത്തെ ജനങ്ങള്‍ കാണാപ്പാഠം പഠിച്ച ഇരട്ടപേരുകളാണ്...
എന്തൊക്കെയായാലും സ്നേഹമുള്ളവരാണ്... എല്ലാവരും തന്നെ (ചില കടും വെട്ട് കേസുകള്‍ ഒഴികെ )

പൂത്തോട്ട കടവ്


പൂത്തോട്ടയില്‍ പാലം വരുന്നതിനു മുന്‍പ് കാട്ടിക്കുന്നില്‍ നിന്നും പൂതോട്ടയിലേക്ക് ആളുകള്‍ വന്നിരുന്നത് ചങ്ങാടം ഉപയോഗിച്ചായിരുന്നു... ആ കടവാണ് പില്‍ക്കാലത്ത്‌ ബോട്ട് ജെട്ടി ആയി പരിണമിച്ചത്‌.... ഇന്ന് ഈ കടവ് മണല്‍ മാഫിയക്ക് സ്വന്തം... ഈ കടവിനടുത്തുള്ള കൈതക്കാട്ടില്‍ പണ്ടെങ്ങോ ഒരു കാവി മുണ്ടുടുത്ത 'ശവം' പൊങ്ങിയത് ഓര്‍മ്മയിലുണ്ട് ഇപ്പഴും...

2010 സെപ്റ്റംബർ 5, ഞായറാഴ്‌ച

എന്‍റെ ഓണവും ഒരു നൊസ്റ്റാള്‍ജിയ ആവുമ്പോള്‍...

ഓണത്തെ കുറിച്ച് ചില കാര്യങ്ങള്‍ , നമ്മളില്‍ പലര്‍ക്കും അറിവുള്ളതാണെങ്കിലും , അറിയാത്ത ചിലരെങ്കിലും നമ്മുടെ കൂട്ടത്തില്‍ ഉണ്ടാകും , അവര്‍ക്ക് വേണ്ടി ചില ഓണവിശേഷങ്ങള്‍ !

ചിങ്ങമാസത്തിലെ തിരുവോണം കേരളത്തില്‍ എല്ലായിടത്തും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും അതിനു പ്രാദേശികഭേദങ്ങളുണ്ട്. അത്തപൂക്കളം, ഓണക്കോടി, ഓണസദ്യ, ഓണക്കളികള്‍ എന്നിവ ആഘോഷത്തിന്റെ പൊതുസ്വഭാവമാണ്. പഴയ പെരുമ്പടപ്പ് സ്വരൂപത്തിന്റെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളിലായിരുന്നു ഓണാഘോഷം ഏറ്റവും കെങ്കേമമായി നടത്തിയിരുന്നത്. അത്തച്ചമയത്തോടെയാണ് ഓണാഘോഷത്തിന് തുടക്കം കുറിച്ചിരുന്നത്. കൊച്ചി മഹാരാജാവ് അത്തത്തിന്‍നാള്‍ തന്റെ കോവിലകത്തുനിന്നും സര്‍വാഡംബരങ്ങളോടെ പരിവാരസമേതം തൃപ്പൂണിത്തുറ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമായിരുന്നു. കൊച്ചിക്കടുത്ത് തൃക്കാക്കരക്ഷേത്രത്തിലെ വാമനമൂര്‍ത്തിയാണ് സാക്ഷാല്‍ ഓണത്തപ്പന്‍. തൃക്കാക്കരയപ്പനെ വരവേല്‍ക്കാനാണ് ഓണക്കാലത്ത് പൂക്കളമൊരുക്കുന്നത്.അത്തത്തിനു മുമ്പുതന്നെ വീടും പരിസരങ്ങളും ചെത്തിക്കോരിയും തേച്ചുകഴുകിയും വൃത്തിയാക്കുന്നു. മെഴുകിവൃത്തിയാക്കി അരിമാവുകൊണ്ട് അതിരിട്ടതിനകത്തു ഭദ്രദീപവും അഷ്ടമംഗല്യവും ദശപുഷ്പങ്ങളും ഒരുക്കിവെക്കുന്നു.

അത്തം മുതല്‍ ഓരോ നാളും പൂക്കളത്തിന്റെ വലിപ്പം കൂടിവരും. നടുവില്‍ തുമ്പപ്പൂ. അതിനുചുറ്റും മറ്റു പൂക്കള്‍ കൊണ്ട് വൃത്തം. ഓരോ ദിവസവും ഓരോ വൃത്തം കൂടിവരുന്നു. നടുവില്‍ കോളാമ്പിപ്പൂക്കള്‍ ഈര്‍ക്കിളില്‍ കോര്‍ത്ത കുടയും കുത്തണം. ഒമ്പതാം നാള്‍ ഉത്രാടത്തിന് ഒമ്പതുവൃത്തങ്ങളും ഒമ്പതു കുടകളുമുണ്ടാകും. ഓരോ വൃത്തത്തിനും ഒരു ദേവതയുടെ സങ്കല്പമുണ്ട്. നടുവില്‍ ഗണപതി, പിന്നെ പാര്‍വതി, ശിവന്‍, ബ്രഹ്മാവ്, പഞ്ചപ്രാണങ്ങള്‍, അറുമുഖന്‍, ഗുരുനാഥന്‍, അഷ്ടദിക് പാലകന്മാര്‍, ഇന്ദ്രന്‍, മഹാവിഷ്ണു എന്നീ ദേവന്മാരാണ് സങ്കല്പിക്കപ്പെടുന്നത്.ഉത്രാടനാള്‍ കോടിയുടുത്ത് ഒന്നാം ഓണസദ്യ നടത്തുന്നു. അന്നുരാത്രി മൂന്നുയാമങ്ങള്‍ കഴിഞ്ഞാല്‍ തൃക്കാക്കരയപ്പനെ എതിരേല്‍ക്കാന്‍ സമയമായി. അപ്പം, അട, പഴം, പായസം തുടങ്ങിയവ നേദിക്കാന്‍ തയാറാക്കിവെച്ചിരിക്കും.

വീടിന്റെ പടിവാതില്‍ക്കല്‍ ചെന്ന് ആര്‍പ്പും കുരവയും പൂവിളികളുമായി എതിരേല്‍ക്കുന്നു. 'ഓണത്തപ്പാ, കുടവയറാ, എന്നാണപ്പാ തിരുവോണം', 'നാളെപ്പോലും തിരുവോണം', 'തിരുവോണക്കറിയെന്തെല്ലാം', 'ചേനതണ്ടും ചെറുപയറും' എന്നിങ്ങനെ കുട്ടികള്‍ ചോദ്യോത്തരങ്ങള്‍ താളാത്മകമായി വിളിച്ചുപറയും.

തുമ്പക്കുടങ്ങള്‍ കൊണ്ട് പുഷ്പവൃഷ്ടി ചെയ്ത് പൂത്തറയുടെ മധ്യത്തില്‍ ആവണപ്പലക മേല്‍ തൃക്കാക്കരയപ്പന്റെ രൂപം പ്രതിഷ്ഠിക്കും. പടിപ്പുര മുതല്‍ നടവാതില്‍ വരെ പ്രതിഷ്ഠ നടത്തി അരിമാവണിഞ്ഞ് പൂണുനൂല്‍ ദര്‍ഭ കൊണ്ടുള്ള അരഞ്ഞാണം, ദണ്ഡ്, കൗപീനം, കൃഷ്ണാജിനം, കമണ്ഡലു, ഓലക്കുട, പാത്രിക എന്നിവ കൊണ്ട് അലങ്കരിച്ചശേഷം പൂവടനിവേദ്യവും നടത്തുന്നു. വീട്ടിലെ ഏറ്റവും മുതിര്‍ന്ന സ്ത്രീയാണ് അത് ചെയ്യുന്നത്. തുടര്‍ന്ന് നാലുദിവസം വിളക്കുവെച്ച് ആരാധനയുണ്ടാവും. നാലാം ദിവസം നല്ല നേരം നോക്കി അവ എടുത്തുമാറ്റുന്നതോടെ ഓണാഘോഷം അവസാനിക്കുന്നു.നാലുദിവവും സദ്യയുണ്ടാവും. ഹൈന്ദവേതരരായ അയല്‍ക്കാരെയും ഓണസദ്യയില്‍ പങ്കെടുപ്പിക്കുക സാധാരണം.

വടക്കന്‍ മലബാറിലെ ഓണാചാരങ്ങളില്‍ വ്യത്യാസമുണ്ട്. ഇവിടെ ഓണത്തപ്പനെ എതിരേല്‍ക്കുകയോ ഓണത്തപ്പന്റെ രൂപം പ്രതിഷ്ഠിക്കുകയോ ചെയ്യുന്ന ആചാരങ്ങളില്ല. പൂക്കളം തീര്‍ക്കുക മാത്രമേ പതിവുള്ളൂ. മിക്കവാറും ഇവിടെ ഓണാഘോഷം ഉത്രാടം, തിരുവോണം നാളുകളോടെ അവസാനിക്കും. നാല് ദിവസം ഓണസദ്യ നടത്തുന്ന രീതി ഇവിടെയില്ല.


ഓണാഘോഷങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഇനമാണ് ഓണക്കോടി. കുടുംബനാഥന്‍ ഉത്രാടനാള്‍ രാവിലെ കുടുംബാംഗങ്ങള്‍ക്കെല്ലാം ഓണക്കോടി സമ്മാനിക്കും.ഏറ്റവും ചെറിയ കുട്ടിക്കായിരിക്കും ആദ്യം കോടി കൊടുക്കുക. മഞ്ഞനിറമുള്ള കൊച്ചു കസവ് മുണ്ട് കാരണവര്‍ തന്നെ കുഞ്ഞിനെ ഉടുപ്പിക്കും. ആ മുണ്ടുടുത്തുകൊണ്ട് നാണത്തില്‍ പൊതിഞ്ഞ ഗമയില്‍ കുഞ്ഞുങ്ങള്‍ നടക്കുന്നത് ഏത് വീട്ടിലെയും ആഹ്ലാദം പകരുന്ന മുഹൂര്‍ത്തമാണ്.കണ്ടോണം, ഉണ്ടോണം, ഉടുത്തോണം എന്നാണ് ഓരോ കൊല്ലത്തെയും കുഞ്ഞിന്റെ വളര്‍ച്ചയെ സൂചിപ്പിച്ചുകൊണ്ട് ഓണത്തിന് പേര്‍ നല്‍കിയിരിക്കുന്നത്.പണ്ട് ചാലിയ സമുദായക്കാരാണ് ഓരോ വീട്ടിലെയും ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍ നെയ്ത് കൊണ്ടു വന്നിരുന്നത്. എത്ര വേണമെന്നുള്ളത് ഗൃഹനാഥന്‍ തന്നെ നേരത്തെ അറിയിക്കണമെന്നേയുള്ളു. വീട്ടിലെ അംഗങ്ങള്‍ക്കെല്ലാം ഓണക്കോടി സമ്മാനിച്ചു കഴിഞ്ഞാല്‍ പിന്നെ വേലക്കാര്‍ക്കും ആശ്രിതര്‍ക്കും കോടി കൊടുക്കണം. അലക്കുകാരന്‍, ക്ഷുരകന്‍, തെങ്ങുകയറ്റക്കാരന്‍, ആശാരി,മൂശാരി, കൊല്ലന്‍, തട്ടാന്‍, കാര്‍ഷികവൃത്തി ചെയ്യുന്നവര്‍ എന്നിങ്ങനെയുള്ളവര്‍ക്കും ഓണക്കോടി കരുതാന്‍ ഗൃഹനാഥന്‍ മറക്കില്ല.വലിയ ജന്മിമാരും ഗൃഹസ്ഥന്‍മാരുമൊക്കെയാണെങ്കില്‍ തങ്ങളുടെ സ്ഥലത്തു പാട്ടകൃഷി ചെയ്യുന്നവര്‍ കാഴ്ചകള്‍ കൊണ്ടു വരുമ്പോള്‍ അവര്‍ക്കും ഓണക്കോടിയും ഓണസദ്യ ഒരുക്കാനാവശ്യമായ അരിയും മറ്റ് സാധനങ്ങളും നല്‍കും. ഓണത്തെ കുറിച്ച് പറയുമ്പോള്‍ മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗമായ ഓണപ്പട്ടുകളെ കുറിച്ച് പറയാതെ വയ്യ ,ഓണാഘോഷത്തെ ആഹ്ലാദമയവും മധുരതരവുമാക്കുന്നതില്‍ ഓണപ്പാട്ടുകള്‍ക്കുള്ള പങ്ക് എടുത്തു പറയേണ്ടതാണ്. നമ്മുടെ നാടന്‍ പാട്ടുകളുടെ സഞ്ചയത്തില്‍ ഓണപ്പാട്ടുകളാണ് ഏറെയുള്ളത്. അവയുടെ കര്‍ത്താക്കള്‍ ആരെന്നറിയില്ല. പക്ഷേ അവ പാടുമ്പോള്‍ അവാച്യമായ അനുഭൂതി നമുക്കുണ്ടാകുന്നു.മാവേലി നാട് വാണീടും കാലം എന്ന് തുടങ്ങുന്ന പാട്ട് ഏറെ പ്രസിദ്ധമാണല്ലോ !ഓണപ്പാട്ടുകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. തലമുറകള്‍ കൈ മാറി അവ മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗമായി അവ എന്നും നിലനില്‍ക്കും. മലയാളിയുള്ളടത്തോളം... ഓണമുള്ളടത്തോളം...

പിന്നെ പറയാനുള്ളത് കേരളത്തിലെ ഏക വാമന മൂര്‍ത്തി ക്ഷേത്രത്തെ കുറിച്ചാണ് .കേരളത്തിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് തൃക്കാക്കരയപ്പന്റെ അമ്പലത്തില്‍ ചിങ്ങമാസത്തിലെ അത്തത്തിന് കൊടി ഉയരും. കേരളത്തിലെ ഏക വാമനമൂര്‍ത്തി ക്ഷേത്രമാണിത്.

രാജഭരണകാലത്ത് തൃക്കാക്കരയപ്പന്റെ ഉത്സവം കൊടിയേറുന്നത് കാണാന്‍ കൊച്ചി രാജാവിന്‍െറയും പരിവാരങ്ങളുടെയും എഴുന്നള്ളത്താണ് അത്തച്ചമയമായി അറിയപ്പെട്ടിരുന്നത്. അക്കാലത്ത് 28 ദിവസത്തെ ഉത്സവമായിരുന്നു. ഇന്നത് 10 ദിവസമായി ചുരുങ്ങി. 993 മുതല്‍ ആരംഭിച്ച തിരുവോണസദ്യയില്‍ ജാതിമത ഭേദമില്ലാതെ ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കാറുണ്ട്. ഭക്തജനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ കൊണ്ട് മാത്രം നടത്തുന്നതാണ് തിരുവോണസദ്യ.വാമനമൂര്‍ത്തിക്ക് പുറമേ 27 ഉപദേവന്മാരുടെ പ്രതിഷ്ഠയും ആദ്യകാലത്തുണ്ടായിരുന്നു. ഇപ്പോള്‍ 13 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും ഉപദേവതാപ്രതിഷ്ഠകളുള്ള വേറെ ക്ഷേത്രങ്ങള്‍ കേരളത്തിലില്ല.ഏറ്റവും പ്രാധാന്യം വാമനമൂര്‍ത്തിയുടെ ശ്രീകോവിലിനാണ്. മഹാബലിയുടെ കുനിഞ്ഞ ശിരസ്സില്‍ വെക്കുന്നതിന് ഉയര്‍ത്തിയ വലതുകാലോട് കൂടിയ വാമനമൂര്‍ത്തിയുടേതാണ് പ്രതിഷ്ഠ. ഓണത്തിന് തൃക്കാക്കരയപ്പന്റെ മണ്ഡപത്തില്‍ ഇന്നും പൂവിടല്‍ നടന്നുവരുന്നു.പണ്ട് 56 രാജാക്കന്മാര്‍ തൃക്കാക്കരയപ്പന്റെ ദാസന്മാരായിരുന്നത്രെ. 28 ദിവസത്തെ ഉത്സവത്തിന്റെ ചെലവ് ഇവരില്‍ രണ്ടു പേര്‍ വീതമായിരുന്നു വഹിച്ചിരുന്നത്. ചിങ്ങമാസത്തിലെ അത്തം നാളിലുള്ള ഉത്സവം കൊച്ചിയിലെ പെരുമ്പടപ്പ് സ്വരൂപവും നെടിയിരുപ്പ്സ്വരൂപമെന്ന് അറിയപ്പെട്ടിരുന്ന സാമൂതിരിയും ചേര്‍ന്നാണ് നടത്തിയിരുന്നത്.
കേരളത്തില്‍ മാത്രമല്ല, പുറത്തും തൃക്കാക്കര ക്ഷേത്രം പ്രസിദ്ധമായിരുന്നു.ക്രിസ്തു വര്‍ഷം എട്ടാം ശതകത്തില്‍ ജീവിച്ചിരുന്ന തമിഴ് വൈഷ്ണവ മുനിയായ നമ്മാഴ്വാര്‍ 'തൃക്കാടുകരൈ' ക്ഷേത്രം സന്ദര്‍ശിച്ച് ദേവനെക്കുറിച്ച് ഗീതങ്ങള്‍ എഴുതിയിട്ടുണ്ട്. ഈ ക്ഷേത്രത്തിന്റെ മഹിമയും പെരുമയും കുറിച്ചിട്ടുള്ള ശിലാലിഖിതങ്ങള്‍ പുരാവസ്തു വകുപ്പുകാര്‍ കണ്ടെടുത്തിട്ടുണ്ട്.
ഇന്ന് തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലാണ് ഈ ക്ഷേത്രം. വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഉത്സവം നടത്തിപ്പിനുമായി ഒരു ക്ഷേത്ര ഉപദേശക സമിതിയുമുണ്ട്.

എല്ലാത്തിനും ഓണവിശേഷണം ചേര്‍ക്കുന്നത് മലയാളത്തിന്റെ രീതിയായിരുക്കുന്നു. ഓണക്കാച്ചന്ത, ഓണവെയില്‍, ഓണക്കളി, ഓണസദ്യ, ഓണത്തുമ്പി, ഓണനിലാവ്, ഓണപ്പാട്ട്, ഓണപ്പൂവ്......... എന്നിങ്ങനെ .



ഓണത്തെ കുറിച്ച് പറയുമ്പോള്‍ പുലി കളി ഒഴിവാക്കുന്നത് എങ്ങിനെ , ഓണാഘോഷത്തിന് കൊടിയിറങ്ങുന്നതിന്റെ ഭാഗമായി തൃശൂരിലാണ് ‍പുലികളി നടക്കുന്നത് . നാലോണ നാളിലാണ് പുലിക്കളി അരങ്ങേറുക. അഞ്ഞൂറോളം പുലിവേഷക്കാര്‍ പുലികളിയില്‍ പങ്കെടുക്കാറുണ്ട് .നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തൃശൂരില്‍ പാര്‍ത്തിരുന്ന മുസ്ലീം പട്ടാളക്കാരുടെ ആഘോഷമായ കടുവാകളിയാണ് പുലികളിയായി രൂപാന്തരം പ്രാപിച്ചത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലികളി കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്ഥലങ്ങള്‍. സ്വരാജ് റൗണ്ടിലാണ് പുലികള്‍ നാടന്‍ താളത്തിനൊത്ത് ചുവടുവയ്ക്കുക. പുലിയുടെ മുഖം മൂടിയോടൊപ്പം കളിക്കാര്‍ ശരീരത്തില്‍ പുലിയ്ക്ക് സമാനമായ രീതിയില്‍ ചായം തേക്കും. പുള്ളിപ്പുലി, വരയന്‍ പുലി, കരിമ്പുലി എന്നിങ്ങനെ എല്ലാതരം പുലികളുടെയും വേഷം കെട്ടിയവര്‍ ഉണ്ടാകും. പുലികളിയെ പോലെ തന്നെ തൃശൂരില്‍ നടക്കുന്ന പ്രസിദ്ധമായ ഒരു കളിയാണ് കുമ്മാട്ടി.

തൃശൂരില്‍ കിഴക്കുമ്പാട്ടുകര ദേശക്കാര്‍ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നതാനിത് . പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്



ഇന്ന് ചിങ്ങം ഒന്ന്, അനിഴംനാള്‍, കര്‍ഷക സമൃദ്ധിയുടെ മാസം , മലയാളിയ്ക്ക് അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം.പക്ഷെ ഇപ്പോള്‍ മലയാളികള്‍ക്ക് , ഓണാഘോഷം വെറും പേരിനുമാത്രം ആയിരിക്കുന്നു .തുമ്പയും,മുക്കുറ്റിയും തൊടികളിലും പാടവരമ്പുകളിലും പൂത്തു നില്‍ക്കുന്ന കാഴ്ച മലയാളിക്ക് അന്യമായിരിക്കുന്നു , അന്യ സംസ്ഥാനത്ത് നിന്നുള്ള പൂക്കള്‍ നമ്മുടെ പൂക്കളങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു.എന്തിനേറെ നമ്മുടെ ഓണ സദ്യകള്‍ പോലും കാറ്ററിംഗ് സര്‍വീസുകള്‍ കൈയ്യടക്കിയിരിക്കുന്നു .ബീവരെജിന്റെ , മുന്‍പിലും ബാറിലും ഉള്ള തിരക്ക് കണ്ടാല്‍ എങ്ങിനെയാണ് മലയാളി ഓണം ആഘോഷിക്കുന്നത് എന്ന് മനസിലാക്കാം എന്തൊക്കെ വക ഭേദങ്ങള്‍ വന്നാലും ഓണം മലയാളി ഉള്ളിടത്തോളം കാലം നിലനില്‍ക്കും എന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം

ഈ ഓണക്കാലത്ത് നമുക്ക് ഓണത്തെ കുറിച്ച് ഉള്ള നല്ല ഓര്‍മകളും ഓണകഴ്ചകളെ പറ്റിയും ഓണകളികളെ കുറിച്ചുള്ള വിവരങ്ങളുംനമുക്കെല്ലവരോടും പങ്കു വെക്കാം , ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓണാശംസകളും നേരാം!



എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..................




കട: കൂട്ടം ഡോട്ട് കോം